പരസ്യമായി നിയമം ലംഘിക്കുന്ന സിനിമാതാരം മോഹന്ലാലിനെതിരെ നിയമനടപടികള്
സ്വീകരിക്കാന്
സര്ക്കാരും പോലീസും മടിക്കുന്നു. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സീനുകള്
പാടില്ലെന്ന നിയമം നിലനില്ക്കേ അവ രണ്ടും പരസ്യമായി ലംഘിച്ച സൂപ്പര്സ്റ്റാറിനെതിരെ ചെറുവിരലനക്കാന്
പോലും അധികൃതര്
തയ്യാറാവുന്നില്ല.
പൊതുസ്ഥലത്ത് മദ്യപിക്കുകയോ പുകവലിക്കുകയോ പാടില്ലെന്നാണ് നിയമം. കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യം & കുടുംബക്ഷേമ വകുപ്പ് 2003 ല്‍ സെക്ഷന്‍ 31 ആയി ഇറക്കിയ ഉത്തരവില്‍ പരസ്യ പുകവലി ഇന്ത്യയില്‍ കുറ്റകരമായി കണക്കാക്കുന്നതാണ്. കലാപ്രകടനമെന്ന പേരിലായാലും ഇന്ത്യന്‍ സിനിമകളിലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് ഉത്തരവുണ്ട്. എന്നാല്‍ ഇവയുടെ പരസ്യമായ ലംഘനമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ പടം നടത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ഒരു കൈയില്‍ എരിയുന്ന സിഗരറ്റും മറുകൈയില്‍ മദ്യഗ്ലാസുമേന്തിയുള്ള പടുകൂറ്റന്‍ പരസ്യങ്ങള്‍ നാടുനീളെ പതിച്ചിട്ടുണ്ട്.
സിഗരറ്റുമേന്തി ഇതേ ചിത്രത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് യുവതാരം ഫഹദിനെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തില്‍ തത്തുല്യ പങ്കാളിയായ സൂപ്പര്‍സ്റ്റാറിനതിരെ ഒരു ചെറുവിരലനക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പുകവലിയും മദ്യപാനവും മഹത്വവത്കരിക്കുന്ന രീതിയിലുള്ള സ്പിരിറ്റ് സിനിമാ പരസ്യം നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും അതും പാലിക്കപ്പെടുന്നില്ല, അത്തരം പരസ്യങ്ങള്‍ നീക്കം ചെയ്യാനോ, അവ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ പോലീസ് തയ്യാറാവാത്തത് വ്യാപകമായ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
മാധ്യമങ്ങളും ഇതു കണ്ടില്ലെന്നു നടിക്കുകയാണ്. രാഷ്ട്രീയ വിവാദങ്ങള്‍ മാത്രം ഇഷ്ടവിഷയമാക്കി ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കുന്നില്ലെന്ന ആക്ഷേപത്തെ ശരിവെക്കുന്ന നിലപാടാണിത്.
പുകവലിയും മദ്യപാനവും പൊതുജനാരോഗ്യത്തിന് പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് ഏറെ ദോഷം ചെയ്യുന്നതു കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവും നീതിപീഠങ്ങളും അവക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ മറ്റു പല താത്പര്യങ്ങളും പരിഗണിക്കുമ്പോള്‍ ഈ നിയമങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരോ അവരുടെ നിയന്ത്രണത്തിലുള്ള പോലീസോ തുനിയാത്തതാണ് സ്പിരിറ്റ് പരസ്യം പോലുള്ള നിയമലംഘനങ്ങള്‍ ഉണ്ടാവുന്നത്. ഏറെ ആരാധകരുള്ള സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെപ്പോലൊരു നടനും ജനപ്രിയ സിനിമകളുടെ സംവിധായകനായ രഞ്ജിത്തും ഇങ്ങനെ പരസ്യമായ നിയമലംഘനത്തിനു മുതിരുന്നത് അധികാര കേന്ദ്രങ്ങളുടെ ദൗര്‍ബല്യം ചൂഷണം ചെയ്യാന്‍ അവര്‍ക്കറിയാമെന്നതു കൊണ്ട് മാത്രമാണ്.
നിയമം ലംഘിച്ചു കൊണ്ട് മോഹന്‍ലാല്‍ പരസ്യം നാടെങ്ങും ആഭാസമായി ഉയര്‍ന്നു നില്‍ക്കുമ്പോഴും അവര്‍ക്കെതിരെ നടപടിയെടുക്കാത്ത പോലീസ് പാവം പൗരന്‍മാര്‍ ചെയ്യുന്ന പരസ്യപുകവലിക്കെതിരെയും മദ്യപാനത്തിനെതിരെയും കര്‍ശന നടപടിയെടുക്കുന്നത് മഹാഭാഗ്യമായി കാണാം. സകല വില്ലത്തരങ്ങളേയും മഹത്വവത്കരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ജൈത്രയാത്ര ഇതിനു മുമ്പും അരങ്ങേറിയിട്ടുണ്ട്. വര്‍ഗ്ഗീയ പരാമര്‍ശങ്ങളല്ലാത്തതു കൊണ്ടാവാം പൊതുജന സംഘടനകളും ഈ ദുഷ്പ്രകടനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു.
No comments:
Post a Comment