തിരുവനന്തപുരത്ത് കഴിച്ച ഷവര്‍മ ബംഗളൂരുവില്‍ ഒരു ചെറുപ്പക്കാരന്‍െറ ജീവനെടുത്തപ്പോഴാണ് കേരളത്തിലെ ശാപ്പാടു കച്ചോടത്തിന്‍െറ കിടപ്പുവശം നോക്കാന്‍ നമ്മുടെ സര്‍ക്കാറിറങ്ങിയത്. ഉടനെ പലേടത്തും ഷവര്‍മ നിരോധിക്കുന്നു. ശമ്പളവും കിമ്പളവും പറ്റി ഭേഷേ ഉണ്ടുറങ്ങിക്കഴിഞ്ഞിരുന്ന ഫുഡ് ഇന്‍സ്പെക്ടര്‍ പടക്ക് ഒരു തല്‍ക്കാല വ്യായാമം. ഒരു റൗണ്ട് കാടിളക്കല്‍ കഴിഞ്ഞാല്‍ ഇപ്പോഴത്തെ പുകിലിന് കര്‍ട്ടന്‍ വീഴും. കലാപരിപാടി പഴയപടി തുടരും.
ശരാശരി മലയാളി ‘ഈറ്റിങ് ഔ്’ ഉഷാറാക്കിയപ്പോഴാണ് ശാപ്പാടു കച്ചോടം ഇവിടെ പന്തലിച്ചത്. മുമ്പും ഹോട്ടലുകളുണ്ടായിരുന്നു. ആടുന്ന ബെഞ്ചിട്ട നാടന്മാര്‍ തൊട്ട് മെനുകാര്‍ഡ് വെച്ച് ആളെ വിരട്ടുന്ന ആഡംബരന്മാര്‍ വരെ. ഇതിനിടെ, തട്ടുകട വന്ന് തീറ്റക്ക് പുതിയ മാനമുണ്ടാക്കി. അരിയും ഉഴുന്നും ഉപ്പും വെള്ളവും ചേര്‍ത്ത് സൃഷ്ടിച്ചുപോന്ന പാവം ദോശയെ സോഡാപ്പൊടി കൊണ്ട് വികസിപ്പിച്ച വകയില്‍ വയറു കേടാകുന്നത് ആര്‍ക്കും പ്രശ്നമല്ലാതായി. കാരണം ‘ടേസ്റ്റ്’, പിന്നെ ചൂടന്‍ തിടുക്കം. ജീവിതത്തിന് വേഗം കൂടിയതുകൊണ്ടാണ് ഫാസ്റ്റ് ഫുഡ് കയറി വന്നതെന്ന് എളുപ്പത്തില്‍ എല്ലാവരും പറയും. ഈ ഫുഡ് വന്നാണോ ടി വേഗം കൂട്ടിയതെന്നാരും നോക്കാറില്ല. എന്തായാലു മൈദമാവുരുട്ടിയടിച്ച പൊറോട്ട നമ്മുടെ ദേശീയ ഭക്ഷണമായി. ദഹനക്കേട് പല ദീനങ്ങളുടെയും പ്ളാറ്റ്ഫോമായി. പൊറോട്ട ‘അടിച്ചില്ലെങ്കില്‍’ മലയാളിക്ക് ഒരിതില്ലാതായി. ഇവിടെപ്പോ ആരും തിന്നുകയും കുടിക്കുകയുമല്ലല്ലോ - എല്ലാം ‘അടിക്കുക’യാണ്. ഈ അടികലശലില്‍ ഇഷ്ടമുള്ളതാണ് പഥ്യം, ആവശ്യമുള്ളതല്ല. ഇഷ്ടം പെരുപ്പിക്കാന്‍ ഭക്ഷണ വ്യവസ്ഥകള്‍ സൗകര്യംപോലൊക്കെയങ്ങ് മാറ്റിമറിച്ചു. സംഗതി ആദായക്കച്ചോടമായപ്പോള്‍ ഹോട്ടലുകള്‍ പെരുകി. സ്വാഭാവികം. ഡിമാന്‍ഡേറുമ്പോള്‍ സപൈ്ള കൂടും. ഈ കച്ചോടം ആദായകരമായി പുലര്‍ത്താന്‍ നിലവിലുള്ള ഡിമാന്‍ഡ് തന്നെ ധാരാളം മതി. പക്ഷേ, ഡിമാന്‍ഡേറുമ്പോള്‍ ആദായ ലാക്കില്‍ ആര്‍ത്തി എന്നൊരു വിദ്വാന്‍ കടന്നുവരും. ഒരു സാമ്പത്തിക ശാസ്ത്രത്തിനും പ്രവചിക്കാന്‍ കഴിയാത്ത കമ്പോള വിത്ത്.
‘ചൈനീസ്’ എന്ന പേരില്‍ നമ്മുടെ നക്ഷത്ര ഹോട്ടലുകള്‍ തൊട്ട് കീഴോട്ടുള്ള പീടികകളില്‍ വിന്യസിക്കപ്പെടുന്ന ചരക്കെടുക്കുക. സാക്ഷാല്‍ ചീനക്കാര്‍ സംഗതി കഴിച്ചുപോയാല്‍ ആത്മഹത്യ ചെയ്യും. അത്രക്കാണതിന്‍െറ തദ്ദേശീവത്കരണം. ശീതമേഖലയിലുള്ള ചൈനക്ക് പാതി വേവിച്ചതും ഞരമ്പ് അല്‍പം ചൂടുപിടിക്കുന്നതുമായ തീനുരുപ്പടി അനിവാര്യം. അത് ഉഷ്ണമേഖലക്കാരായ മലയാളികള്‍ വല്ലപ്പോഴുമൊക്കെ രുചിനോക്കുന്നതില്‍ തെറ്റില്ല. മറിച്ച് സ്ഥിരം പംക്തിയായാലോ? സ്വന്തം പ്രകൃതിക്കിണങ്ങാത്ത വക ശീലമാക്കുമ്പോള്‍ പ്രകൃതം തന്നെ മാറിത്തുടങ്ങുന്നു. ചില്ലിചിക്കനും ഗോബി മഞ്ചൂരിയനും ‘അടിച്ചാല്‍’ ഒരു മാവിലായിക്കാരനും മാവോ സേദോങ്ങാവില്ല. പക്ഷേ, ദഹനേന്ദ്രിയങ്ങളില്‍ ഒരു ‘കള്‍ച്ചറല്‍ റെവലൂഷന്‍’ നടക്കും. അജിനാമോട്ടോ ശീലിക്കുന്ന ഞരമ്പിന് കള്ളും കഞ്ചാവും പോലൊരു ലീനമായ അഡിക്ഷന്‍.
ഒക്കെ പോട്ടെ. തിന്നാന്‍ ആളിഷ്ടംപോലെ. എങ്കില്‍, നല്ല ചരക്കുണ്ടാക്കി വിറ്റ് കീശ നിറക്കരുതോ? അങ്ങനെ ചെയ്യാന്‍ ഒരു സംസ്കാരം വേണം. കേരളത്തില്‍ പൊതുവേ ദൗര്‍ലഭ്യമുള്ള രണ്ടുരുപ്പടികളാണ് ഓണ്ട്രപ്രൂണര്‍ (സംരംഭകത്വം) സംസ്കാരവും അടിസ്ഥാന വെടിപ്പും. മൂന്നു മഴയും 44 പുഴയുമുള്ള നാട്ടില്‍ കുളിച്ചു വെടിപ്പായി നടക്കുന്ന ശീലം പൊതുവിലില്ലാത്ത പേരിലാണ് നാരായണഗുരു പണ്ട് സഹജീവികള്‍ക്ക് ദേഹശുദ്ധി ഉപദേശിച്ചത്. ഉള്ളിലെ വെടിപ്പിന്‍െറ ഭാഗമാണ് പുറംശുദ്ധി. പുറമേക്ക് ഇസ്തിരിയിട്ട് അത്തറുപൂശിയാല്‍ അതുണ്ടാവുന്നില്ല. വൃത്തിയോടെ പാകംചെയ്ത ഭക്ഷണം വേണമെന്ന നിഷ്ഠയൊക്കെ എല്ലാവരും പറയും. എന്നിട്ടോ? കിട്ടിയ ചരക്ക് അത് വന്നവഴിയൊന്നും നോക്കാതെ ശാപ്പിടും. വിശപ്പുതൊട്ട് ചെലവുകുറവ് വരെ ന്യായീകരണം പലതും നിരത്തും. കാശിന് പഞ്ഞമില്ലാത്തവന്‍ സ്റ്റാര്‍ ഹോട്ടലില്‍ കയറി 50 ഉറുപ്പികയുടെ ചരക്കിന് അഞ്ഞൂറും ടിപ്പും കൊടുത്ത് നെഞ്ചുവിരിച്ചു പുറത്തിറങ്ങും- കഴിച്ച മെനുവിന്‍െറ ഉദ്ഭവ വഴി അറിയാതെ. ഓര്‍ക്കണം, പഴകിയ ചരക്ക് മനുഷ്യരെ തീറ്റിച്ച വകയില്‍ കഴിഞ്ഞയാഴ്ച പൊക്കിയത് സാദാ ഹോട്ടലുകാരെ മാത്രമല്ല, കൊച്ചിയിലെ ലെ മെറിഡീയന്‍ കൊമ്പനെ കൂടിയാണ്. പ്രാരബ്ധക്കാരനായ തട്ടുകടക്കാരന്‍ തലേന്ന് മിച്ചംവന്ന ഇഡ്ഡലി പിറ്റേന്ന് അടയും വത്സനുമൊക്കെയാക്കി വഴിപോക്കര്‍ക്കു തള്ളുന്നത് മനസ്സിലാക്കാം. മുന്തിയ ഷെഫ് പടയും ഗാസ്ട്രോണമി തത്ത്വശാസ്ത്രവുമൊക്കെ വിളംബരം ചെയ്യുന്ന പഞ്ചനക്ഷത്ര മെറിഡീയന്മാര്‍ അതേ പണി ചെയ്യുന്നതോ?
കെ.എസ്.ആര്‍.ടി.സി കാന്‍റീനായാലും നക്ഷത്ര ജാടക്കാരായാലും പഴഞ്ചരക്ക് വ്യാപാരത്തില്‍ വെച്ചുപുലര്‍ത്തുന്ന സുപ്രസിദ്ധമായൊരു കേരളീയ ഐറ്റം നമ്പര്‍ കൂടി കേള്‍ക്കുക. ഗ്രേവി എന്നാണ് കഥാപാത്രത്തിന്‍െറ ചെല്ലപ്പേര്. ഇറച്ചിക്കടകളില്‍ അറുത്തുമാറ്റുന്ന കാളക്കൊഴുപ്പ് സംഭരിച്ച് വലിയ അണ്ഡാവുകളില്‍ തിളപ്പിക്കുന്നു. ആഴ്ചകളോളം പിന്നെ ഏതിനം കസ്റ്റമര്‍ക്കും ഈ മാലിന്യമാണ് കറികളുടെ കാന്‍വാസ്. ഇറച്ചി വകയായാലും വെജിറ്റേറിയന്‍ കറിവകയായാലും. എന്തിനധികം, ഐസ്ക്രീമില്‍ വരെ ഇഷ്ടനെ തിരുകുന്നു. നല്ല ‘ടേസ്റ്റ്’, കസ്റ്റമര്‍ ഹാപ്പി. വാറ്റു ചാരായത്തിന് വീര്യം കൂട്ടാന്‍ അട്ടയും അമോണിയവും ബാറ്ററിയും. തീറ്റ വകക്ക് തത്തുല്യ ഗ്രേവി!
ആളെ സുഖിപ്പിച്ച് പറ്റിക്കുന്നതിലാണ് സാമര്‍ഥ്യം എന്നത് മലയാളിയുടെ ആപ്തവാക്യം പോലായിട്ടുണ്ട്. നാലുറുപ്പിക കൊടുത്തു വാങ്ങുന്ന ദിനപത്രത്തിലെ വിഭവങ്ങള്‍ മായമാണോ ഗ്രേവിയാണോ എന്നറിയാന്‍ വരികള്‍ക്കിടയില്‍ വായിച്ചാലും രക്ഷയില്ല, മിനിമം അഞ്ചു പത്രമെങ്കിലും വായിക്കണം. രസകരമായ മറ്റൊരു കച്ചേരിയുണ്ട് -വനിതാ മാസികകള്‍. അത് തിന്നാല്‍ കൊളസ്ട്രോള്‍ കൂടും, മറ്റേത് തിന്നാല്‍ ഷുഗറു കൂടും എന്നൊക്കെ ഭീഷണിപ്പെടുത്തുന്ന ഭിഷഗ്വര പുരാണം. തൊട്ടടുത്ത താളിലുണ്ടാവും ഇതേ വിഭവങ്ങളുടെ രുചി മാഹാത്മ്യം വിളമ്പുന്ന പാതകറാണീ കുറിപ്പുകള്‍. അതുകഴിഞ്ഞാല്‍, തിന്നാലുണ്ടാവുന്ന ഇണ്ടല്‍പോക്കാന്‍ കൗണ്‍സലിങ്. ആളുകളുടെ പ്രായം നോക്കി പറ്റിക്കാന്‍ പത്രാധിപര്‍ക്ക് ഒരു മടിയുമില്ല. കാരണം, ഈ ജാതി കച്ചോടം പൊടിപൊടിച്ചാലല്ലേ സ്വന്തം കച്ചോടം കൊഴുക്കൂ. പരസ്യം, വില്‍പന, മൊത്തത്തില്‍ ജീവിതം സുരഭിലം. രുചിഭരം.
പറ്റിക്കപ്പെടാന്‍ തയാറുള്ളൊരു സമൂഹത്തിന് ഇത് സ്വാഭാവിക വിധിയാണ്. ആട് തേക്ക് മാഞ്ചിയം തൊട്ട് ആപ്പിള്‍ വരെ എത്രയോ റാക്കറ്റുകളില്‍ പെട്ടിട്ടും പുതിയ കറക്കുകമ്പനികള്‍ക്ക് സദാ സ്വാഗതം. അതുകൊണ്ടുതന്നെ സ്വയം കറക്കുകമ്പനിയാവാനും അത്ര വലിയ വൈക്ളബ്യമൊന്നുമില്ല- പലര്‍ക്കും. നാട്ടാരെ പാലു കുടിപ്പിക്കാന്‍ ഉല്‍പാദനം തികയാതെ മില്‍മ ചുരുളുമ്പോള്‍ സിന്തറ്റിക് പാല്‍ക്കച്ചോടത്തിന് ചാകര. യൂറിയ, കാസ്റ്റിക് സോഡ, എണ്ണ, സോപ്പ്, വെള്ളം പിന്നെ സാക്ഷാല്‍ പാലിന്‍െറ ഒരിത്തിരി മേമ്പൊടിയും. എല്ലാത്തിനും കൂടി ലിറ്ററിന് പരമാവധി ചെലവ് അഞ്ചുറുപ്പിക. കാഴ്ചക്കും രുചിക്കും പാല്‍. ഫാറ്റ് ടെസ്റ്റ് നിഷ്പ്രയാസം കടന്നു കൂടും. അങ്ങാടിയിലെത്തിയാലോ വാങ്ങാന്‍ ആളെത്രയും. കാഴ്ചയും കേള്‍വിയും കുറഞ്ഞുവരും, ഒടുവില്‍ കാന്‍സര്‍ വരും എന്നൊക്കെ പറഞ്ഞാല്‍, പറഞ്ഞവന്‍െറ ഒച്ച പോയതു മിച്ചം. ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ കുത്തിവെച്ച് രായ്ക്കുരാമാനം മസിലുപെരുപ്പിക്കപ്പെടുന്ന കോഴികള്‍ നിരന്നുനില്‍ക്കെ അറവുകാരനേക്കാള്‍ കണ്ണുതിളങ്ങുക തീറ്റക്കാരന്. അതുകൊണ്ടെന്താ, പാലുതൊട്ട് പച്ചക്കറിവരെ എന്തു ശാപ്പിടുമ്പോഴും മലയാളി വിഷം കഴിക്കുന്നു. പസ്പരം വിഷം കൊടുത്ത് തൃപ്തിപ്പെടുന്ന ഒരു സമൂഹത്തെ വേറെ കാണാനുണ്ടോ എന്നു ചോദിക്കരുത്. ദൈവത്തിന്‍െറ സ്വന്തംനാട് വേറെയുണ്ടായിക്കൂടാ.
ഭക്ഷണം ഒരു സംസ്കാരമാകുന്നത്, ക്വാളിറ്റി ജീവിതത്തിന്‍െറ മാനദണ്ഡങ്ങളിലൊന്നാകുമ്പോഴാണ്. ഈ മനോഭാവം പരസ്പരം പങ്കിടുന്നിടത്താണ് ഭക്ഷണ സംസ്കാരത്തിന് ഒരു രൂപവും ഭാവവുമൊക്കെ വരുക. പട്ടിണിക്കാരന് കിട്ടുന്നതെന്തും തിന്നാം - അന്നം ബ്രഹ്മം. പക്ഷേ, അവനത് കൊടുക്കുന്നവന് മേപ്പടി സംസ്കാരമുണ്ടെങ്കില്‍ ‘എന്തും’ ‘എങ്ങനെയും’ അല്ല കൊടുക്കുക. ഒരു പട്ടിണി പ്രദേശമൊന്നുമല്ലാത്ത കേരളത്തില്‍ ഈ വകതിരിവ് പാടേ അസ്തമിക്കുമ്പോള്‍ സമൂഹം വിളിച്ചുപറയുന്നത് രോഗാതുരമായ ഒരു ദൗര്‍ബല്യത്തിന്‍െറ പേരലേ ്ള- സംസ്കാരം? കൊച്ചിയും കോഴിക്കോടും കഴിഞ്ഞ് തിരുവനന്തപുരത്തും കട തുറന്നിരിക്കുന്ന കെന്‍റക്കി ചിക്കനെ ഉദ്ധരിക്കാനാണ് സര്‍ക്കാര്‍ റെയ്ഡു നടത്തുന്നതെന്നു ന്യായം പറയുന്ന നമ്മുടെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ ആരെ ഉദ്ധരിക്കാനാണ് ഓക്സിടോസിന്‍ കുത്തിയ കോഴിക്കറിയും കാളക്കൊഴുപ്പ് തിളപ്പിച്ച ഗ്രേവി സമുച്ചയവും യൂറിയ കാച്ചിയ പാലുമൊക്കെ നാട്ടാര്‍ക്കു വിളമ്പുന്നത്? സെപ്റ്റിക് ടാങ്കിനെ അടുക്കള സംഭരണിയുടെ സയാമീസ് ഇരട്ടയാക്കുന്നത്?
ചോദ്യങ്ങള്‍ക്കിവിടെ പ്രസക്തിയില്ല. എല്ലാവരും സംഘടിതരാണ്. അതുകൊണ്ടു തന്നെ ഉത്തരങ്ങള്‍ക്കിവിടെ പഞ്ഞമേയില്ല. ഓക്സിടോസിന്‍ കുത്തി ഊതിവീര്‍പ്പിച്ച ഉത്തരങ്ങള്‍ക്ക്. ആയതിനാല്‍, നമുക്കീ മെനക്കേട് മതിയാക്കി രണ്ടു പൊറോട്ടയടിക്കാം. അല്ലെങ്കില്‍ ഒരു നിരോധിത ഷവര്‍മ.